Tuesday, May 26, 2009

ചില വര്‍ഷകാലകാഴ്ചകള്‍

ഇടവപ്പാതിയായി

മാനം കറുത്തു

മുല്ലയ്ക്ക് ചിരി അടക്കാന്‍ വയ്യ!



മഴയില്‍ അവസാനത്തെ മാങ്ങയും വീണു

അണ്ണാന്റെയും കിളികളുടെയും

കലഹവും തീര്‍ന്നു.



നനഞ്ഞ പൂച്ച

പതുങ്ങി അടുക്കളയില്‍ കയറി

തണുപ്പും വിശപ്പും അകന്നു.



വര്‍ഷസന്ധ്യ

സൂര്യന്റെ വിളറിയ മുഖം

പൊടുന്നനെ കാണാതായി.



രാത്രിമഴ

ചീവീടുകളുടെ സംഗീതം

പക്കമേളത്തില്‍ മുങ്ങിപ്പോയി.



ഈയ്യാംപാറ്റകള്‍ -

വെളിച്ചത്തിന്നെതിരെ

ചാവേറാക്രമണം!



Friday, May 22, 2009

സമസ്യാപൂരണങ്ങള്‍

കൃഷ്ണാ .....!

മേവാനായ്‌ ക്കൊതിയേറെയുണ്ടു തുളസിത്താരായി നിന്‍ ചേവടി -

പ്പൂവില്‍; കൃഷ്ണ! ഭവാന്റെ പൊന്‍മുരളിയായ്‌ നിശ്വാസമേല്ക്കാനുമേ

താവും ഭക്തിയൊടെന്നുമിക്കരയുഗം കൂപ്പുന്നൊരെന്നെബ് ഭവാ -

നാവിര്‍മ്മോദമനുഗ്രഹിച്ചു തവ തൃപ്പാദങ്ങളില്‍ ചേര്‍ക്കണേ.

വാഗ്ദേവി

ഭൂവെക്കാവ്യതരംഗമാലയണിയിക്കാനായി വെണ്‍താമര -

പ്പൂവില്‍ വാണിടുമംബികേ, തെളിയണേ നീയെന്റെ നാവില്‍ സ്സദാ.

ആവില്ലീസ്സവിധത്തെവിട്ടെവിടെയും പോകാനെനി; ക്കെന്നെ നീ -

യാവിര്‍മ്മോദമനുഗ്രഹിച്ചു തവ തൃപ്പാദങ്ങളില്‍ ചേര്‍ക്കണേ.

കുട്ടിക്കവിതകള്‍ ...... "നാല്‍ക്കാലി"കള്‍

കുഴിയാന

എഴുതാന്‍ മടിയേറെയുണ്ടതില്‍ -
ക്കഴിവും തുച്ഛമസംശയം, വരാ -
മിഴിവും മൊഴികള്‍ക്കു, മോഹമി -
ക്കുഴിയാനയ്ക്കു പുറത്തു ചാടുവാന്‍!

അതിമോഹം

ഒരുമോഹമെനിക്കു വീണ്ടുമ -
ക്കളിവീടിന്നിറയത്തൊരോമലായ്‌
കറിവെച്ചു കളിച്ചിടുന്നതി -
"ന്നതിമോഹം"- പറയാതെ വയ്യഹോ!

ഭാവി

ഭാവിക്കുമേല്‍ രക്ഷയണച്ചിടാനായ്‌
ഭാരിച്ച കാര്യങ്ങളൊരുക്കി നമ്മള്‍
ജീവിച്ചുപോകുന്നതുമോര്‍ത്തു കൊണ്ടാല്‍
ജീവന്‍ കിടക്കുന്നതുതന്നെ ഭാഗ്യം!

വിഷു

കിട്ടാനേയില്ല കണിക്കൊന്ന, ഗുണ്ടുകള്‍
പൊട്ടിക്കാന്‍ കാശേറെ പൊട്ടിക്കേണം
വെട്ടിച്ചുരുക്കിച്ചുരുക്കി വിഷുവൊരു
ഒപ്പിച്ചുമാറലായ്‌ത്തീര്‍ന്നുവല്ലോ.

Monday, May 11, 2009

കവചഹര

ഒരു മെഴുകുപോരാളിയായ്‌ദ്ദൈവമെന്നെയീ -
യവനിയുടെ പോര്‍ത്തട്ടിലേറ്റി
കവചമായുള്ളിലെ ഞാനെന്നഭാവവും
ചിരിയുടെ തുകിലാടയും നല്കി.

മുഖപടമണിഞ്ഞെത്തുമായിരം രൂപങ്ങള്‍
മുനവെച്ച വാക്കുകള്‍ ചിന്നി
വലതുമിടതും നിന്നു വെട്ടുന്നു കുത്തുന്നു
പൊരുതുന്നു ഞാനേകയായി.

എരിയുന്ന, കരയുന്നൊ, രുള്ളിന്റെ തേങ്ങലുകള്‍
പുറമേയ്ക്കയയ്ക്കാന്‍ വിടാതെ
തടയുന്നു ചടുല, മെന്നാത്മാഭിമാനമി -
ച്ചിരിയിന്‍ തുകില്‍ച്ചാര്‍ത്തില്‍ മൂടി.

ഉരുകുന്ന കരളിന്റെ ചൂടില്‍ പുറംചട്ട
കരിയാതെ, പൊഴിയാതിരിപ്പാന്‍
ഒരുപാടുകാലമായ്‌പ്പണിയുന്നു നിയതിയുടെ
ചരടിന്‍വലിക്കൊത്തു തുള്ളി.

അലയുന്നു ഞാനെന്നുമീയുദ്ധഭൂമിയില്‍
അലിവിന്‍ മരുപ്പച്ച തേടി
ചിറകറ്റൊരായിരം സ്വപ്‌നങ്ങള്‍തന്‍ വര്‍ണ്ണ -
ശബളാഭമാം ജഡം പേറി.

മുറിവേറ്റു പിടയുന്ന നേരത്തുമെന്നുള്ളി -
ലെരിയുന്നോരേചിന്ത മാത്രം
കവചങ്ങളാരുമേ ചുട്ടെരിച്ചീടാതെ
കരുതേണമന്ത്യംവരേയ്ക്കും.


Wednesday, April 1, 2009

വാക്കുകൾ ... വ്യാഖ്യാനങ്ങൾ

വാക്കുകള്‍

ശബ്ദങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുമ്പോള്‍

വാക്കുകളാകുന്നു ......

വാക്കുകള്‍ക്കു നിറമുള്ള ചിറകുകള്‍ നല്‍കുമ്പോള്‍

അവ വരികളും...

വ്യാഖ്യാനങ്ങളുമാകുന്നു.......

വാനിലും ഭൂമിയിലും ആഴക്കടലിലും

വ്യാപരിക്കുന്നവ ...

വര്‍ണ്ണച്ചിറകുള്ള ശലഭങ്ങളെപ്പോലെ .....

നീലപ്പീലിയണിഞ്ഞ മയിലുകളെപ്പോലെ ... ...

സ്വര്‍ണ്ണമത്സ്യകന്യകളെപ്പോലെ ...

ശലഭങ്ങളെ ....

മയിലുകളെ ....

ജലകന്യകളെ ....

കൈയ്യിലൊതുക്കാനാവാതെ

പകച്ചുനില്‍ക്കുന്ന ഞാന്‍ ....

എന്റെയുള്ളിലെ വാക്കുകള്‍

പറയാനാവാത്ത മധുരനൊമ്പരമായി

എന്നും ......

മനസ്സിലവശേഷിക്കുന്നു ......